പാലാവയൽ: 2018ലെയും 2019ലെയും പ്രളയകാലത്തെ അനുഭവങ്ങൾ കോട്ടയത്തും എറണാകുളത്തും പത്തനംതിട്ടയിലുമൊക്കെയുള്ള ബന്ധുക്കൾ പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലൊന്ന് നേരിട്ടനുഭവിക്കുന്നത് ആദ്യമായിട്ടാണെന്ന് പറയുകയാണ് പാലാവയലുകാർ. കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ പോലും വീട്ടിനകത്തേക്കു വരെ വെള്ളമെത്തുന്ന ഇതുപോലൊരനുഭവം ഉണ്ടായിട്ടില്ലെന്ന് പഴയ തലമുറക്കാർ പറയുന്നു.
വെള്ളമിറങ്ങി രണ്ടുദിവസമാകുമ്പോഴും ആരും വീടുകളിൽ തിരിച്ചുകയറി താമസം തുടങ്ങിയിട്ടില്ല. പാലാവയൽ ഭാഗത്ത് പ്രധാനമായും 17 വീടുകളിലാണ് വെള്ളം കയറിയത്. ഇതിൽ രണ്ടെണ്ണം പൂട്ടിക്കിടക്കുന്നവയായിരുന്നു. ബാക്കി 15 വീടുകളിലെയും കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി താമസിക്കുകയാണ്.
പകൽസമയങ്ങളിൽ കുടുംബാംഗങ്ങളെത്തി വീടുകൾ വൃത്തിയാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സഹായവുമായി ഒപ്പമുണ്ട്. പക്ഷേ വെള്ളവും ചെളിയും കയറിയ വീടുകളുടെ അകവും വീട്ടുപകരണങ്ങളും വൃത്തിയാക്കുകയെന്നത് എളുപ്പമുള്ള ജോലിയല്ലെന്ന് എല്ലാവരും ഒരുപോലെ തിരിച്ചറിയുകയാണ്.
ടൈൽസിട്ട നിലത്തെല്ലാം ചെളി പറ്റിപ്പിടിച്ചു കിടക്കുന്നു. അസഹനീയമായ ദുർഗന്ധവുമുണ്ട്. പലതവണ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകിയിട്ടും ഇതൊന്നും മാറാത്ത നിലയാണ്. എല്ലായിടങ്ങളിലും ഇഴജന്തുക്കളും കയറിയിട്ടുണ്ട്. റഫ്രിജറേറ്ററും വാഷിംഗ് മെഷീനും പാത്രങ്ങളുമടക്കം വീട്ടുപകരണങ്ങളിലെല്ലാം ചെളികയറി. പലതും ഉപയോഗശൂന്യമായി.
സോഫയും കിടക്കയുമെല്ലാം ഈർപ്പംതട്ടി നനഞ്ഞുകിടക്കുകയാണ്. ഇതെല്ലാം ഒരുവിധം ശരിയാക്കി താമസം തുടങ്ങണമെങ്കിൽ ഇനിയും ദിവസങ്ങളെടുക്കുമെന്ന നിലയാണ്. എല്ലാ വീടുകളിലും ലക്ഷങ്ങളുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്.
പാലാവയൽ സെന്റ് ജോൺസ് പള്ളി വികാരി ഫാ. ജോസ് മാണിക്കത്താഴെയുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നുള്ള സന്നദ്ധസേവകരുടെ സംഘം ഇന്നലെ എല്ലാ വീടുകളിലുമെത്തി ഭക്ഷ്യോത്പന്ന കിറ്റുകളും മറ്റു സഹായങ്ങളും നൽകി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി എന്നിവരും മറ്റു നപ്രതിനിധികളും വീടുകൾ സന്ദർശിച്ചു.